
കൊച്ചി - ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കറെ കോൺഗ്രസ്സ് സർക്കാരുകൾ അവഗണിച്ചപ്പോൾ ബി ജെ പി സർക്കാരുകൾ അദ്ദേഹത്തിന്റെജന്മദേശത്തും വിദ്യാഭ്യാസം ചെയ്ത സ്ഥലത്തും സമാധിസ്ഥാനത്തും സ്മാരകങ്ങൾ നിർമ്മിക്കുകയും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് വലിയ പ്രാധാന്യം നൽകുകയും ചെയ്തതായി കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ അഭിപ്രായപ്പെട്ടു.
ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി ജെ പി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ സമ്മാൻ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന നിർമ്മാണ സഭയിൽ സുപ്രധാന സ്ഥാനം വഹിച്ചില്ലായിരുന്നെങ്കിൽ അംബേദ്കറെ കോൺഗ്രസ്സ് സർക്കാരുകൾ വിസ്മൃതിയിൽ പൂഴ്ത്തുമായിരുന്നു.
കേന്ദ്ര നിയമമന്ത്രി എന്ന നിലയിൽ അദ്ദേഹം തൊഴിലാളികൾക്ക് ചെയതിരുന്ന സേവനം മഹത്തരമായിരുന്നു.എംപ്ളോയീസ് പ്രൊവിഡണ്ട്ഫണ്ട്(ഇപിഎഫ്)എംപ്ളോയീസ് സ്‌റ്റേറ്റ് ഇൻഷ്വറൻസ് (ഇ.എസ്.ഐ)തുടങ്ങിയ പദ്ധതികൾ . തുടങ്ങിയത് അദ്ദേഹത്തിന്റെ പ്രയത്നഫലമായിരുന്നുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
എറണാകുളം വൈ എം സി എ ഹാളിൽ നടന്ന സെമിനാറിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.
ബിജെപി ദേശീയ കൗൺസിൽ അംഗം ഡോ. കെ.എസ്. രാധാകൃഷണൻ, സംസ്ഥാന നേതാക്കളായ എൻ.പി. രാധാകൃഷണൻ, കെ.വി.എസ്. ഹരിദാസ് , അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ. പ്രിയ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലയിൽ പ്രാവണ്യം തെളിയിച്ച പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പി.സി.രാധാകൃഷ്ണൻ, ഓമന കൃഷണൻ എന്നിവരെ കേന്ദ്രമന്ത്രി ചടങ്ങിൽ ആദരിച്ചു.










